
റിയാദ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ 'ഇ1' പദ്ധതി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്ന നിയമവിരുദ്ധ കുടിയേറ്റ വികസന പദ്ധതികളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി). ഇസ്രായേലിന്റെ ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നതാണെന്നും ജി.സി.സി വ്യക്തമാക്കി.
ഇസ്രായേൽ അധിനിവേശ സേനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾ സമാധാന സാധ്യതകളെ തകർക്കുമെന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനായുള്ള പ്രാദേശിക-അന്തർദേശീയ ശ്രമങ്ങൾക്ക് ഭീഷണിയാണെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ കുടിയേറ്റ നയങ്ങൾ ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ ഘടന മാറ്റിയെഴുതാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1967 ജൂൺ 4-ലെ അതിർത്തികൾ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തിന് ജി.സി.സി പൂർണ്ണ പിന്തുണ ആവർത്തിച്ചു. അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.











